പ്രമുഖ ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരൻ ജൂലൈ 1 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. തനിക്കെതിരായ പീഡനക്കേസിൽ പൊലീസ് ശരിയായ അന്വേഷണം നടത്തുകയോ, അല്ലെങ്കിൽ പരാതിക്കാരിയായ നടി കേസിന്റെ സത്യാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം.
\ഫേസ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് സനൽ കുമാർ ഈ സമര പ്രഖ്യാപനം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർണ്ണമായും നിശ്ചലാവസ്ഥയിലാണെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കാൻ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
കേസിൽ പരാമർശിച്ചിട്ടുള്ള തെളിവുകളുടെ പകർപ്പുകൾ പ്രതിയായ തനിക്ക് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ കോടതി ഉത്തരവ് നടപ്പിലാക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. അർഹമായ നീതി ഉറപ്പാക്കാത്ത പക്ഷം ജൂലൈ ഒന്നു മുതൽ സമരവുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.