വടകര കാഫിർ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഇയാളെ കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയെ സമീപിക്കുമെന്നാണ് വിവരം.
അതേസമയം, കേസിലെ ശാസ്ത്രീയ പരിശോധനയിൽ പ്രതിയായ ജിതിന്റെ ഫോൺ റീസെറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിർണായക വിവരങ്ങളുണ്ടായിരുന്ന ഫോണാണ് ഇത്തരത്തിൽ റീസെറ്റ് ചെയ്തിരിക്കുന്നത്. ഫോണിലെ വിവരങ്ങൾ താൻ തന്നെ മായ്ച്ചുകളഞ്ഞതാണെന്ന് ജിതിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നശിപ്പിക്കപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഫോൺ വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
അതിനിടെ, വടകര കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾക്കെതിരെ സി.പി.ഐ.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.പൊലീസ് രാഷ്ട്രീയ തിരക്കഥയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളുടെ നേതാക്കളെ മനപ്പൂർവ്വം വേട്ടയാടുകയാണെന്നും സി.പി.ഐ.എം ആരോപിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10-ന് വടകരയിലെ കോഴിക്കോട് റൂറൽ എസ്.പി ഓഫീസിലേക്ക് സി.പി.ഐ.എം മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.