Share this Article
News Malayalam 24x7
മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് അംഗീകാരം
 Vellappally Natesan

ഏറെ വിവാദമായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് സംസ്ഥാന വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

2014-ൽ വയനാട് എസ്.എൻ.ഡി.പി യൂണിയന് മൈക്രോഫിനാൻസ് പദ്ധതിക്കായി 12 ശതമാനം പലിശനിരക്കിൽ അനുവദിച്ച 10 ലക്ഷം രൂപയുടെ വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഈ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നത്. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടിയിരുന്ന തുക അവർക്ക് നൽകാതെ, വെള്ളാപ്പള്ളിയുമായി അടുത്ത ബന്ധമുള്ള മറ്റ് ചിലർക്ക് മറിച്ചുനൽകി തട്ടിപ്പ് നടത്തി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.


കേസിൽ വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് എം.എൻ സോമൻ, വയനാട് യൂണിയനിലെ ഭാരവാഹികൾ എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.


മൈക്രോഫിനാൻസ് കേസിലെ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്ന് രൂക്ഷമായ വിമർശനം ഉയർന്നതിന് തൊട്ടുപിന്നാലെയാണ് വിജിലൻസ് നടപടികൾ വേഗത്തിലാക്കിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ കഴിഞ്ഞ പത്ത് വർഷമായി കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ആവശ്യമെങ്കിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാൻ പോലും മടിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.


നിലവിൽ വിജിലൻസ് എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തുടനീളം മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എഴുപതിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ആദ്യത്തെ കുറ്റപത്രമാണ് ഇപ്പോൾ കോടതിയിലേക്ക് സമർപ്പിക്കാൻ തയാറായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories