Share this Article
News Malayalam 24x7
വല്ലച്ചിറ സ്വദേശിനിയുടെ വജ്രം പതിച്ച ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു; പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മണിക്കൂറുകൾക്കകം കണ്ടെത്തി തിരിച്ചുനൽകി ഈസ്റ്റ് പൊലീസ്
വെബ് ടീം
1 hours 27 Minutes Ago
1 min read
VALLACHIRA

തൃശൂർ: കുഞ്ഞിന് ആഭരണം വാങ്ങാൻ ഇറങ്ങിയപ്പോൾ ആണ് വല്ലച്ചിറ സ്വദേശിനി ബിജി ലിവിനു  തൻെറ കയ്യിൽ ധരിച്ചിരുന്ന വജ്രം പതിച്ച ബ്രേസ് ലെറ്റ് നഷ്ടമാകുന്നത്. ആഭരണം വാങ്ങി അടുത്ത കടയിലേക്ക് കയറുമ്പോൾ ആണ് ബ്രേസ് ലെറ്റ് നഷ്ടമായത് അറിഞ്ഞത്.തുടർന്ന്  അച്ഛനോട് വിവരം പറഞ്ഞ് ജ്വല്ലറിയിൽ നിന്നും ഷോപ്പിലേക്ക് വന്ന വഴികളിൽ പലവട്ടം തെരഞ്ഞുനടന്നു.ആഭരണം കണ്ടുകിട്ടാതായപ്പോൾ കടയിലെ സി സി ടി വി പരിശോധിച്ചു. ദൃശ്യങ്ങളിൽ കടയിലേക്ക് കയറുമ്പോൾ കയ്യിൽ ആഭരണമില്ല. റോഡിൽ തന്നെ പോയിക്കാണുമെന്നു കരുതി വീണ്ടും തെരയുകയും കിട്ടാതായപ്പോൾ  പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും ചെയ്തു.

പരാതി ലഭിച്ച ഉടനെ ഈസ്റ്റ് പോലീസ് സിവിൽ പോലീസ് ഓഫീസർ മനീഷ് മോഹനനെ ചുമതലപ്പെടുത്തി അന്വേഷണത്തിനായി സ്ഥലത്തേക്ക് അയച്ചു.ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കയ്യിൽ ആഭരണം കാണുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങുമ്പോഴാണ് ആഭരണം നഷ്ടപെട്ടതെന്ന് മനസ്സിലാക്കി. തിരക്കേറിയ റോഡിലെ ദൃശ്യങ്ങൾ  സമയമെടുത്ത് പരിശോധിച്ചപ്പോൾ ജ്വല്ലറിയിൽനിന്നും പുറത്തിറങ്ങിയ ഒരു കസ്റ്റമർ എന്തോ കുനിഞ്ഞെടുക്കുന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെട്ടു. ഉടൻതന്നെ ജ്വല്ലറിയിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ തിരിച്ചറിഞ്ഞ് അവരുടെ വിശദവിവരം പരിശോധിച്ച് ഫോൺ നമ്പരിൽ വാങ്ങി അവരെ വിളിച്ചു.കടവല്ലൂരിൽ നിന്നും ആഭരണമെടുക്കാൻ എത്തിയ സ്വദേശി ജ്വല്ലറിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് റോഡിൽ ഒരു ബ്രേസ് ലെറ്റ് കിടക്കുന്നത് കണ്ടത്. ഇമിറ്റേഷൻ ഗോൾഡ് ആയിരിക്കുമെന്ന് കരുതി അത് എടുക്കുകയും ചെയ്തു. വീട്ടിലെത്തി പരിശോധിച്ചപ്പോൾ അതിലെ സ്വർണ്ണവും വജ്രവും കണ്ട് ഇമിറ്റേഷൻ ഗോൾഡ് അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ഇറങ്ങുമ്പോഴാണ് സിവിൽ പോലീസ് ഓഫീസറുടെ ഫോൺ കോൾ വരുന്നത്. ഉടൻതന്നെ ആൾ സ്റ്റേഷനിലെത്തി ആഭരണം പോലീസിന് കൈമാറുകയും ചെയ്തു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പൊലീസ്  സ്റ്റേഷനിൽ പരാതി ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ അഞ്ചുമണിയോടെ ആഭരണം തിരിച്ചു ലഭിക്കുകയും ചെയ്തു. ബിജി ലിവിനിന് ഏറെ വിലപിടിപ്പുള്ള നഷ്ടപ്പെട്ട ആഭരണം ഇനി കിട്ടാൻ സാധ്യതയില്ല എന്നുറപ്പിച്ചിരിക്കുമ്പോഴാണ് ആഭരണം കിട്ടിയിട്ടുണ്ട് എത്രയും വേഗം സ്റ്റേഷനിലെത്തണം ഓഫീസർ  വിളിച്ച് അറിയിക്കുന്നത്. ആഭരണം ഏറ്റുവാങ്ങിയ ബിജി ലിവിൻ പൊലീസുകാർക്ക് ഏറെ നന്ദി അറിയിച്ച് ഏറെ സന്തേോഷത്തോടെയാണ് സ്റ്റേഷനിൽ നിന്നും യാത്രയായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories