വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്.സി.ആർ.എ (FCRA) നിയമഭേദഗതികൾ കർശനമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ സഭകളും വിവിധ സന്നദ്ധ സംഘടനകളും ഒരുങ്ങുന്നു. പുതിയ ചട്ടഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളെയും സന്നദ്ധ സംഘടനകളെയും ബോധപൂർവ്വം ലക്ഷ്യം വെച്ചുള്ളതാണെന്ന് ആരോപിച്ചാണ് കത്തോലിക്കാ മെത്രാൻ സമിതിയായ സി.ബി.സി.ഐ (CBCI) അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി വരുന്ന ജൂലൈ 3 ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ സംഘടനകൾ സംയുക്തമായി തീരുമാനിച്ചു. കൂടാതെ, വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ എഫ്.സി.ആർ.എ ബില്ല് കൊണ്ടുവരാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ഈ ഞായറാഴ്ച ദേശീയ പ്രാർത്ഥനാ ദിനമായും ആചരിക്കും.
പാർലമെന്റ് സമ്മേളനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ചട്ടങ്ങൾ പെട്ടെന്ന് കർശനമാക്കിയതാണ് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. മുൻപ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സഭകൾ ഇതിനെതിരെ ശക്തമായ നിലപാടെടുത്തതോടെ കേന്ദ്രസർക്കാർ പ്രതിരോധത്തിലാവുകയും, ഇതേത്തുടർന്ന് വിശദമായ ചർച്ചകൾ നടത്താതെ ബില്ല് മാറ്റിവെക്കുകയുമായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നതിനെതിരെ ശക്തമായ മുന്നേറ്റം രൂപീകരിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.