സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്ന് ദില്ലിയിൽ ചേരും. വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിക്കേണ്ട തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കാനാണ് പ്രധാനമായും യോഗം ചേരുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ അടുത്ത കേന്ദ്ര കമ്മിറ്റി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായാണ് ഇന്നത്തെ പിബി യോഗം.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്വത്തിനാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തലെങ്കിലും, ചില പിബി അംഗങ്ങൾക്ക് ഇതിൽ വ്യത്യസ്ത നിലപാടുണ്ടെന്നാണ് സൂചനകൾ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പിബിയിൽ ഉയർന്ന എതിർപ്പുകളും യോഗത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായേക്കാം.
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർച്ചയായി ചോദ്യം ചെയ്യുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.