പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണസംഘം അപേക്ഷ നൽകിയത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നാണ്പൊലീസിന്റെ പ്രധാന വാദം.
കഴിഞ്ഞ ദിവസമാണ് കേസിൽ ഒൻപതാം പ്രതിയായ ഹരീഷിന് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് . ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയായിരുന്നു ഹരീഷ്. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നിൽ പ്രോസിക്യൂഷന്റെ ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത് . പ്രതിയെ ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരി കോടതിയിൽ സ്വീകരിച്ചത് . പ്രതിക്ക് ജാമ്യം നൽകരുതെന്ന പൊലീസിന്റെ കർശന റിപ്പോർട്ട് നിലനിൽക്കെയായിരുന്നു പ്രോസിക്യൂഷന്റെ ഈ നിലപാട്.
പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട് . പൊലീസിന്റെ വാദങ്ങൾ കൃത്യമായി കോടതിയെ ധരിപ്പിക്കാത്ത പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ ഈ കേസിൽ നിന്നും അടിയന്തരമായി മാറ്റണമെന്നും പകരം പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ പ്രോസിക്യൂഷൻ നടപടികളിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് ഇഡിയും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് . ഒൻപതാം പ്രതി ഹരീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു . കേസിലെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിക്ക് സാധിക്കുമെന്നാണ് ഇഡിയുടെ ആശങ്ക . പൊലീസും ഇഡിയും ഒരുപോലെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുപോയതോടെ വരും ദിവസങ്ങളിൽ കേസ് കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കും.