Share this Article
News Malayalam 24x7
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് ജിതിൻ ഭാസ്കറിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
 Court to Hear Jithin Bhaskar's Bail Plea Today

വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നേരത്തെ വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ജാമ്യത്തിനായി പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വടകര പോലീസ് രണ്ട് കേസുകളിലായി അന്വേഷണം നടത്തിയിരുന്നെങ്കിലും യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. അന്ന് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി റിബേഷ് രാമചന്ദ്രനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും പോലീസ് അദ്ദേഹത്തെ കേസിൽ സാക്ഷിയാക്കുകയാണ് ചെയ്തത്.


ഭരണമാറ്റത്തിന് ശേഷം വടകര എം.എൽ.എ കെ.കെ. രമ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കണ്ട് കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്.


എസ്.ഐ.ടിയുടെ വിശദമായ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിലാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പ്രചരിപ്പിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ ജിതിൻ ഭാസ്‌കറാണെന്ന് കണ്ടെത്തിയതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതും. നിലവിൽ ജുഡീഷ്യൽ റിമാൻഡിലാണ് പ്രതി.


കഴിഞ്ഞ ദിവസം ജിതിൻ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വടകര മജിസ്‌ട്രേറ്റ് കോടതി സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. സമൂഹത്തിൽ മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുമ്പോൾ വ്യക്തിയുടെ സ്വാതന്ത്ര്യത്തേക്കാൾ പ്രാധാന്യം സമൂഹത്തിന്റെ നീതിക്കാണെന്ന് കോടതി വ്യക്തമാക്കി. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കൂടി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്.


അതേസമയം, തനിക്കെതിരെയുള്ള കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയമായി എഴുതപ്പെട്ട തിരക്കഥയുടെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതെന്നുമാണ് ജിതിൻ ഭാസ്‌കർ വാദിക്കുന്നത്. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് ഉച്ചയോടെ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories