Share this Article
News Malayalam 24x7
ടിനി ടോമിനെതിരായ പരാതി; അന്‍സിബയുടെ ഹര്‍ജിയില്‍ വിധി ഇന്ന്
Ansiba Hassan

 നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് അൻസിബ കോടതിയെ സമീപിച്ചിരിക്കുന്നത്.


നേരത്തെ ഈ വിഷയത്തിൽ അൻസിബ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ കഴിയില്ലെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ആരോപണങ്ങളിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും, മറ്റൊരാൾ പറഞ്ഞുകേട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നടി നേരിട്ട് കോടതിയെ സമീപിച്ചത്.


തനിക്കെതിരെ ടിനി ടോം നിരന്തരം അപവാദപ്രചാരണങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. താൻ അദ്ദേഹത്തിന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും, തന്നെ 'ജിഹാദി' എന്ന് വിളിച്ച് വംശീയാധിക്ഷേപം നടത്തിയെന്നും അൻസിബ ആരോപിക്കുന്നു. ഇത് തന്നെ കടുത്ത മാനസിക പീഡനത്തിലാക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണിതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ടിനി ടോം നേരത്തെ രംഗത്തെത്തിയിരുന്നു.


അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ സമീപകാല പ്രതിസന്ധികളുടെ പ്രധാന തുടക്കം ടിനി ടോമും അൻസിബയും തമ്മിലുള്ള ഈ വാദപ്രതിവാദങ്ങളും പ്രശ്നങ്ങളുമായിരുന്നു. അൻസിബ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നിലും ഈ തർക്കങ്ങളായിരുന്നു പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇന്നത്തെ കോടതി വിധി മലയാള ചലച്ചിത്ര രംഗത്ത് ഏറെ നിർണായകമായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories