Share this Article
News Malayalam 24x7
കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
Keezhattoor Vayalkkili Protest Case

കീഴാറ്റൂർ വയൽക്കിളി സമരവുമായി ബന്ധപ്പെട്ട കേസിൽ സുരേഷ് കീഴാറ്റൂർ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് (മജിസ്‌ട്രേറ്റ് ശ്രീജ) കേസിലെ 28 പ്രതികളെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.

ദേശീയപാത വികസനത്തിനായി കീഴാറ്റൂർ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ 'വയൽക്കിളികൾ' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2018 മാർച്ച് 14-ന് വയൽ അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യൂ-ദേശീയപാതാ ഉദ്യോഗസ്ഥരെ തടഞ്ഞു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്.


സമര നേതാവ് നമ്പ്രാടത്ത് ജാനകി ഉൾപ്പെടെയുള്ള സ്ത്രീകളടക്കമുള്ള സമരക്കാർ കൈയിൽ പെട്രോൾ കുപ്പികളുമായി ആത്മഹത്യാ ഭീഷണി മുഴക്കി വയലിൽ അണിനിരന്നത് അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയ്ക്കൊടുവിലാണ് സമരനേതാവായ സുരേഷ് കീഴാറ്റൂർ, ഐക്യദാർഢ്യ സമിതി കൺവീനർ നോബിൾ എം. പൈകട, മനോഹരൻ ചുങ്കക്കാരൻ ഉൾപ്പെടെയുള്ളവരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.


നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ വിചാരണ നേരിട്ട 28 പേരെയാണ് ഇപ്പോൾ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കായി അഭിഭാഷകരായ പരമേശ്വരൻ, ഭവീഷ് എന്നിവർ കോടതിയിൽ ഹാജരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories