വടകരയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വിവാദമായ 'കാഫിർ സ്ക്രീൻഷോട്ട്' പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കർ കഴിഞ്ഞ 16-ാം തീയതി മുതൽ റിമാൻഡിലാണ്. നേരത്തെ വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാമ്യം തേടി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കേസ് പരിഗണിച്ച ജഡ്ജി വി.എസ്. ബിന്ദുകുമാരി, കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസിലെ അന്വേഷണവുമായി താൻ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് ജിതിൻ ഭാസ്കർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതി ഇന്ന് വാദം കേൾക്കുക.