ഫിഫ ലോകകപ്പ് 2026-ൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച കേപ് വെർദെയുടെ ഫുട്ബോൾ ടീം, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിവാദചുഴിയിൽ ആയി. ഈ വർഷം ആദ്യം കേപ് വെർദെ ടീമിന്റെ ന്യൂസിലാൻഡ് പര്യടനത്തിനിടെ വിവർത്തകയായി ജോലി ചെയ്തിരുന്ന ബ്രസീലിയൻ യുവതിയെ കേപ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡെസ് ബലാത്സംഗം ചെയ്തതായി പരാതി.
യുവതി ന്യൂസിലാൻഡിൽ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. ആ സമയത്ത് ന്യൂസിലാൻഡ് മാധ്യമങ്ങൾ ഈ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ റയാന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. കേപ് വെർദെ ടീമിലെ ഒരു കളിക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് അന്ന് പ്രസ്താവിച്ചിരുന്നത്.റിപ്പോർട്ടുകൾ പ്രകാരം, ടീം താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് മെൻഡെസ് ബ്രസീലിയൻ യുവതിയുടെ മുറിയിലേക്ക് ബലമായി ഇരച്ചുകയറുകയും, അവരെ ഇടിക്കുകയും, കടിക്കുകയും, തുടർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം.
തന്റെ വായ, കഴുത്ത്, കാൽ, ശരീരത്തിന്റെ വശം എന്നിവയിലേറ്റ പരിക്കുകളുടെ ചിത്രങ്ങൾ യുവതി ന്യൂസിലാൻഡ് പോലീസിന് കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. ടീം താമസിച്ചിരുന്ന ഓക്‌ലൻഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ന്യൂസിലാൻഡ് പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.ചിലിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം, ടീമിനായി നീക്കിവെച്ച ഹോട്ടൽ മുറികളിലൊന്നിൽ നടന്ന മീറ്റിംഗിലേക്ക് തന്നെ ക്ഷണിച്ചതായി അവർ അവകാശപ്പെട്ടു. എന്നാൽ മീറ്റിംഗിൽ തന്റെ ആവശ്യമില്ലെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് അവർ സ്വന്തം മുറിയിലേക്ക് മടങ്ങി.
യുവതിയുടെ മൊഴി പ്രകാരം, തൊട്ടുപിന്നാലെ മെൻഡെസ് അവരുടെ മുറിയിലെത്തി വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ ഇയാൾ ബലമായി അകത്തുകയറുകയും, അവരെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.