പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഏഴു ദിവസത്തെ കസ്റ്റഡിയാണ് തെളിവെടുപ്പിനായി പൊലീസ് ആവശ്യപ്പെടുന്നത്.
പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് രാഹുലിനെ തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ തീരുമാനം. കേസിൽ നിർണ്ണായകമായ ഹോട്ടലിലെ രജിസ്റ്ററുകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
കേസിൽ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടെത്തേണ്ടതുണ്ട്. രാഹുലിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത രണ്ട് ഫോണുകളും ലാപ്ടോപ്പും ദൃശ്യങ്ങൾ ഉണ്ടോ എന്ന് അറിയാനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു പുറമെ, രാഹുൽ മാങ്കൂട്ടത്തലിന്റെ രക്തസാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ഇന്നലെ തന്നെ അയച്ചിട്ടുണ്ട്.
പീഡനത്തിന് പുറമെ യുവതിയിൽ നിന്ന് പലപ്പോഴായി രാഹുൽ പണം കൈപ്പറ്റിയതായും പരാതിയുണ്ട്. ഈ സാമ്പത്തിക ചൂഷണത്തിന്റെ വിശദാംശങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.
നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ കഴിയുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ രാഹുൽ കാര്യമായി സഹകരിച്ചിരുന്നില്ലെന്നും, യുവതിയുമായുള്ള ബന്ധം സമ്മതിച്ചെങ്കിലും പീഡനാരോപണങ്ങൾ തള്ളിക്കളഞ്ഞെന്നുമാണ് വിവരം. ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നു എന്നാണ് രാഹുലിന്റെ വാദം. തിരുവല്ല മജിസ്‌ട്രേറ്റ് അവധിയിലായിരുന്നതിനാൽ പത്തനംതിട്ട സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഇന്നലെ രാഹുലിനെ റിമാൻഡ് ചെയ്തത്. കേസ് തിരുവല്ല കോടതിയുടെ പരിധിയിലായതിനാൽ തുടർന്നുള്ള നിയമനടപടികൾ അവിടെയായിരിക്കും നടക്കുക. രാഹുലിനെ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.