Share this Article
News Malayalam 24x7
കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടിയെങ്കില്‍ വാര്‍ത്താ സമ്മേളനം എന്തിനെന്ന് മാധ്യമപ്രവര്‍ത്തകർ
Pinarayi Vijayan

എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ നാടകീയ രംഗങ്ങൾ. ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകർക്ക് വേണ്ടത്ര അവസരം നൽകുന്നില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സമ്മേളന വേദിയിൽ തർക്കമുണ്ടായത്. 

വാർത്താ സമ്മേളനത്തിന് ശേഷം പാർട്ടി ചാനലിലെയും പാർട്ടി പത്രത്തിലെയും പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മാത്രം മറുപടി നൽകി മുഖ്യമന്ത്രി എഴുന്നേറ്റു പോകാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. എല്ലാവർക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകണമെന്നും പാർട്ടി മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകിയാൽ പോരെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കാൻ കാത്തുനിന്ന മാധ്യമപ്രവർത്തകരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അവർ ബഹളം വെച്ചു.


പ്രതിഷേധം ശക്തമായതോടെ വേദിയിൽ നിന്ന് മടങ്ങാൻ തുടങ്ങിയ മുഖ്യമന്ത്രി തിരികെ മൈക്കിന് മുന്നിലെത്തി. "ചോദ്യം മനസ്സിലുണ്ടായാൽ മാത്രം പോര, അത് ചോദിക്കണം" എന്നായിരുന്നു വേദിയിൽ തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ പരിഹാസരൂപേണയുള്ള മറുപടി. താൻ പോകാൻ തുടങ്ങിയപ്പോഴാണ് പലരും ചോദ്യങ്ങളുമായി എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തുടർന്ന് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടികൾ പലതും ചുരുങ്ങിയ വാക്കുകളിലൊതുങ്ങി. തിരഞ്ഞെടുപ്പ് പത്തു ദിവസം മാത്രം ബാക്കി നിൽക്കെ വികസന വിഷയങ്ങളിൽ പ്രതിപക്ഷ നേതാവുമായി സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു ഈ വാർത്താ സമ്മേളനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories