ഇറാൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും തകർച്ചയുടെ വക്കിലാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഹോർമൂസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ അമേരിക്കയോട് അഭ്യർത്ഥിച്ചതായും ട്രമ്പ് ട്വിറ്ററിലൂടെ അറിയിച്ചു. ഇറാൻ ഇപ്പോൾ കടുത്ത നേതൃദാരിദ്ര്യം അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചതെന്ന് ട്രമ്പ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഇറാൻ-യുഎസ് രണ്ടാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച രാത്രി ഇസ്‌ലാമാബാദിലേക്ക് തിരിക്കുമെന്ന സൂചനകളുണ്ട്. ഹോർമൂസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡേഫുൾ ഇറാന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതോടെ ഹോർമൂസ് കടലിടുക്കിൽ ചരക്ക് കപ്പലുകളും നാവികരും കുടുങ്ങിക്കിടക്കുകയാണ്. ഈ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് വാഡേഫുൾ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ തന്നെ വലിയ ആശങ്ക സൃഷ്ടിക്കുന്ന ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.