ബലാത്സംഗത്തിനിരയാകുന്ന കൗമാരക്കാരുടെ ഗർഭച്ഛിദ്രത്തിന് തടസ്സമാകുന്ന നിയമങ്ങളിൽ അടിയന്തരമായി മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി. ബലാത്സംഗ ഇരകളുടെ ഗർഭച്ഛിദ്രത്തിനുള്ള അവകാശത്തിന് സമയപരിധി ബാധകമല്ലെന്നും കോടതി കർശനമായി വ്യക്തമാക്കി. 15 വയസ്സുകാരിയായ പെൺകുട്ടിയുടെ 31 ആഴ്ച പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകിയ മുൻ ഉത്തരവിനെതിരെ തിരുത്തൽ ഹർജിയുമായി എത്തിയ കേന്ദ്ര സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തത്. വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ കോടതി പൂർണ്ണമായും മാനിക്കുന്നുണ്ടെന്നും, അത് സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്യാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും, ഇരയ്ക്കോ കുടുംബത്തിനോ മാത്രമേ അതിന് അവകാശമുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയെയും കോടതി ശാസിച്ചു.
ക്രൂരമായ പീഡനത്തിന് ശേഷം ആ പെൺകുട്ടി അനുഭവിച്ച വേദനയ്ക്ക് പകരം വെക്കാൻ ഒന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം നിഷേധിക്കുന്നത് ഇരയുടെ ദുരിതം വർദ്ധിപ്പിക്കാനേ സഹായിക്കൂ. കൗമാരക്കാരായ ഇരകളുടെ ഗർഭച്ഛിദ്രത്തിന് നിലവിലെ നിയമങ്ങൾ വലിയ വിലങ്ങുതടിയാണെന്നും, അവയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാരീരികവും മാനസികവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് കോടതിയുടെ ഈ തീരുമാനം.