പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങളും, വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവുമാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്. ജൂലൈ മാസം വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ക്യാമ്പൽ വിൽസൺ അറിയിച്ചു.
ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാന സർവീസുകളാണ് എയർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ വിമാനങ്ങൾക്ക് ദീർഘദൂര പാതകൾ സ്വീകരിക്കേണ്ടി വരുന്നത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുകയും, അതുവഴി പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ തന്നെ ചില സർവീസുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. എന്നാൽ സാഹചര്യം മെച്ചപ്പെടാത്തതിനാലാണ് ജൂൺ, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകളിലും മാറ്റം വരുത്താൻ എയർ ഇന്ത്യ നിർബന്ധിതരായത്.
2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ധനവിലയും പ്രവർത്തനച്ചെലവും ഉയരുന്നത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് അധികൃതർ അറിയിക്കുന്നു.