മൈസൂരിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ കടുത്ത ദുരിതത്തിൽ. ഹോസ്റ്റലിൽ നിന്ന് നൽകുന്ന ഭക്ഷണം അതീവ വൃത്തിഹീനമാണെന്നും, വിദ്യാർത്ഥികളുടെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ രംഗത്തെത്തി. ഗ്ലോബൽ എജ്യുക്കേഷൻ സർവീസ് എന്ന സ്ഥാപനത്തിന് കീഴിലുള്ള അഞ്ച് കോളേജ് ഹോസ്റ്റലുകളിലാണ് ഈ ദുരവസ്ഥയുള്ളത്.
വിദ്യാർത്ഥികൾക്ക് വിളമ്പിയ കോഴിക്കറിയിൽ തൂവലും രോമവും കണ്ടതായും, ചപ്പാത്തിയിൽ പ്ലാസ്റ്റിക് കഷ്ണങ്ങളും ചോറിൽ പാറ്റയെയും കണ്ടെത്തിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഹോസ്റ്റൽ മെസ്സിലെ അടുക്കളയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഗുരുതരമായ ശുചിത്വപ്രശ്നങ്ങൾ പുറംലോകം അറിയുന്നത്. പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരാൻ വിദ്യാർത്ഥികളെ അധികൃതർ അനുവദിക്കുന്നില്ല. ഇതിനെതിരെ ചോദ്യം ഉന്നയിക്കുന്ന വിദ്യാർത്ഥികളെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും, സർട്ടിഫിക്കറ്റുകൾ നൽകില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പ്രതിവർഷം 80,000 രൂപയാണ് മെസ്സ് ഫീ ഇനത്തിൽ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന് നൽകുന്നത്. ഉയർന്ന തുക ഫീസായി നൽകിയിട്ടും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് വൃത്തിഹീനമായ ഭക്ഷണമാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.