ഹൈദരാബാദ്: യാത്രയ്ക്കിടെ ഭാര്യാമാതാവിനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കെ സ്‌നേഹിത് (28) ആണ് ഭാര്യമാതാവായ കെ അരുണ (39)യെ കൊലപ്പെടുത്തിയത്. ബൈക്കില്‍ നിന്ന് വീണ് മരണം സംഭവിച്ചതായി നടിച്ച് സംഭവം മറയ്ക്കാന്‍ പ്രതി ശ്രമിച്ചതായും പോലിസ് പറഞ്ഞു. ഹൈദരാബാദിലെ മേടിപ്പള്ളിയിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷമാണ് സ്‌നേഹിതും കാവ്യയും വിവാഹിതരായത്. കുടുംബ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സ്‌നേഹിത് ഭാര്യമാതാവുമായി സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഏപ്രില്‍ 29നു ഭക്ഷണം വാങ്ങാന്‍ പോകാമെന്ന വ്യാജേന അരുണയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയ ഇയാള്‍ യാത്രയ്ക്കിടെ ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍മെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് ബാലന്‍സ് തെറ്റി ബൈക്കില്‍ നിന്ന് വീണ അരുണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപസ്മാരം മൂലം വീണതാണെന്ന് സ്‌നേഹിത് ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഏപ്രില്‍ 30ന് അരുണ മരിച്ചു.
സംഭവത്തില്‍ സംശയം തോന്നിയ മകള്‍ കാവ്യ സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ദൃശ്യങ്ങളില്‍ സ്‌നേഹിത് ആക്രമണം നടത്തുന്നത് വ്യക്തമായതോടെ കാവ്യ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.