Share this Article
News Malayalam 24x7
സത്യപ്രതിജ്ഞ ഉടൻ, ജനസാഗരമായി തലസ്ഥാനം
V.D. Satheesan to Take Oath as Kerala CM Today

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ 21 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ വരുന്നത്. 1982-ൽ കെ. കരുണാകരൻ സർക്കാരിന് ശേഷം ഇതാദ്യമായാണ് മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് എന്ന സവിശേഷതയും ഈ ചടങ്ങിനുണ്ട്.


യു.ഡി.എഫിന്റെ അധികാരലബ്ധി ആഘോഷമാക്കാൻ കോൺഗ്രസിന്റെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ തിരുവനന്തപുരത്തെത്തും. കൂടാതെ തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.


21 അംഗ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളാണ് എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ആദ്യമായാണ് ഒരു മന്ത്രിസ്ഥാനം വഹിക്കുന്നത്. യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്.


രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ, ഷിബു ബേബി ജോൺ വനം വകുപ്പ് മന്ത്രിയായും മോൻസ് ജോസഫ്, സണ്ണി ജോസഫ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമാണ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്.


അമ്പതിനായിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. മൂന്ന് വലിയ പന്തലുകളിലായി വി.വി.ഐ.പികൾക്കും ജനങ്ങൾക്കും ഇരിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാണ്. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ കഴിയാത്തവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories