Share this Article
News Malayalam 24x7
CPIM കേന്ദ്രകമ്മിറ്റി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യും
CPIM Central Committee Meeting

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമുള്ള ആദ്യ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയമായിരിക്കും പ്രധാന ചർച്ചാവിഷയം.

തോൽവി സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്താൻ നേരത്തെ പൊളിറ്റ് ബ്യൂറോ (പി.ബി) സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിക്കും.


പിണറായി വിജയനെ വീണ്ടും നിർണായക പദവികളിലേക്ക് (പ്രതിപക്ഷ നേതാവ് തുടങ്ങിയ നിർദ്ദേശങ്ങൾ) കൊണ്ടുവരാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയെ മുൻപ് ചേർന്ന ഓൺലൈൻ പി.ബി യോഗത്തിൽ പല അംഗങ്ങളും എതിർത്തിരുന്നു. പാർട്ടിക്ക് പുതിയ നേതൃത്വം വരണമെന്ന അഭിപ്രായമാണ് ചില പി.ബി അംഗങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ പേരുതന്നെയാണ് നിർദ്ദേശിച്ചത്. ഇതേ വിഷയത്തിൽ ഇന്നത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലും ചില അംഗങ്ങൾ എതിർപ്പുയർത്താൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.


അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി കൃത്യമായി വിലയിരുത്തുന്നതിനായി ഏരിയ കമ്മിറ്റികൾക്ക് സി.പി.ഐ.എം 34 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയിട്ടുണ്ട്. തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തി എത്രയും വേഗം സംസ്ഥാന സെന്ററിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories