പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. നിയമസഭയിൽ ഇന്ന് രാവിലെ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് കോട്ടയത്തുനിന്നുള്ള മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലെത്തിയത്.
പ്രോടെം സ്പീക്കർ ജി. സുധാകരനാണ് വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചത്. സുദീർഘമായ രാഷ്ട്രീയ-പാർലമെന്ററി പരിചയമുള്ള, ലളിത ജീവിതം നയിക്കുന്ന മുൻ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തതായി അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് സ്ഥാനാർത്ഥികളായ എൽ.ഡി.എഫിലെ എ.സി. മൊയ്തീന് 35 വോട്ടുകളും എൻ.ഡി.എ (ബി.ജെ.പി) സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു.
ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കറെ ഡയസിലേക്ക് ആനയിച്ചു. സഭാംഗങ്ങൾ പുതിയ സ്പീക്കറെ കൈയടികളോടെയും ആശംസകളോടെയും അഭിനന്ദിച്ചു. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രോടെം സ്പീക്കറിൽ നിന്ന് സ്പീക്കർ പദവിയുടെ ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തു. സഹകരിച്ച എല്ലാ സഭാംഗങ്ങൾക്കും നിയമസഭാ സെക്രട്ടേറിയറ്റിനും പ്രോടെം സ്പീക്കർ ജി. സുധാകരൻ നന്ദി രേഖപ്പെടുത്തി.
പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഭയിൽ നടത്തിയ അനുമോദന പ്രസംഗത്തിലാണ് അദ്ദേഹം തിരുവഞ്ചൂർ രാധാകൃഷ്ണനെ പ്രകീർത്തിച്ചത്.
മൂന്നര പതിറ്റാണ്ടിലേറെയായി നിയമസഭാംഗമായി പ്രവർത്തിച്ച സുദീർഘമായ പാർലമെന്ററി പരിചയം തിരുവഞ്ചൂരിനുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. വിവിധ സർക്കാരുകളിലായി ആഭ്യന്തരം, വനം, കായികം, പരിസ്ഥിതി തുടങ്ങി പതിനേഴോളം സുപ്രധാന വകുപ്പുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്ത പരിചയസമ്പന്നത അദ്ദേഹത്തിനുണ്ട്. ഈ അനുഭവസമ്പത്ത് സഭാ അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സഭയുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിച്ചുകൊണ്ട് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവർക്കും തുല്യ അവസരം നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ സഹകരണം സ്പീക്കർക്കുണ്ടാകുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി.മുഖ്യമന്ത്രി വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണന് ആശംസകൾ നേർന്നു. തന്റെ സഹോദരതുല്യനാണ് തിരുവഞ്ചൂർ എന്ന് മുഖ്യമന്ത്രി അനുമോദന പ്രസംഗത്തിൽ പറഞ്ഞു.