Share this Article
News Malayalam 24x7
CMRLന് തിരിച്ചടി, ഇ.ഡി അന്വേഷണം തുടരാം, സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി
Kerala High Court Rejects CMRL's Stay Petition

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിന് സ്റ്റേയില്ല. ഇഡി അന്വേഷണത്തിന് തൽക്കാലം സ്റ്റേ നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സിഎംആർഎൽ (CMRL) നൽകിയ അപ്പീൽ ഹർജി തള്ളി. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പൂർണ്ണമായി ശരിവെച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്.

അന്വേഷണവുമായി ബന്ധപ്പെട്ട് തൽക്കാലം ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹർജിയിലെ അപ്പീലിൽ തുടർവാദം കേൾക്കാൻ തയ്യാറാണെന്ന് കോടതി അറിയിച്ചിട്ടുണ്ട്. സിഎംആർഎലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ഹാജരായി വാദങ്ങൾ ഉന്നയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.


നേരത്തെ നടത്തിയ റെയ്ഡുകളിൽ നിന്ന് ശേഖരിച്ച നിർണായക തെളിവുകൾ ഇഡിയുടെ പക്കലുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വീണ വിജയന്റെ ഫോൺ വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും ഇഡി പരിശോധിച്ചുവരികയാണ്. സേവനങ്ങൾ നൽകാതെ എക്സാലോജിക്കും സിഎംആർഎലും തമ്മിൽ 2.70 കോടിയോളം രൂപയുടെ അവിഹിത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന എസ്എഫ്ഐഒ (SFIO) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്.


കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കാതിരുന്ന സാഹചര്യത്തിൽ, ഇഡിക്ക് കേസുമായി സുഗമമായി മുന്നോട്ട് പോകാൻ സാധിക്കും. വരും ദിവസങ്ങളിൽ വീണ വിജയൻ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനുള്ള നീക്കങ്ങളിലേക്ക് ഇഡി കടന്നേക്കുമെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories