Share this Article
News Malayalam 24x7
രണ്ട് നോവലുകളുടെ പേരിൽ വായനക്കാരും നിരൂപകരും വാക്പോരിൽ, കെ ആർ മീരയ്‌ക്കെതിരെ കോപ്പിയടി ആരോപണം, കലാച്ചി വായിച്ചപ്പോൾ ഞെട്ടിയെന്ന് ഹരിത സാവിത്രി
വെബ് ടീം
7 hours 36 Minutes Ago
1 min read
kr meera

കോട്ടയം: മലയാള സാഹിത്യ ലോകത്തും സമൂഹ മാധ്യമങ്ങളിലും വിവാദമാകുകയാണ് രണ്ട് നോവലുകളുടെ വായനക്കാരും നിരൂപകരും തമ്മിലുള്ള വാക്‌പോരും ആദ്യ നോവലെഴുതിയ എഴുത്തുകാരിയുടെ കുറിപ്പും. രണ്ട് നോവലിന്‍റെയും പ്രമേയത്തിലെ സാമ്യതയാണ് വായനക്കാരും നിരൂപകരും ചൂണ്ടിക്കാണിക്കുന്നതിലേക്കും പരസ്പരം വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതിലേക്കും ആരോപണങ്ങൾ ഉന്നയിക്കുന്നതിലേക്കും എത്തിച്ചേർന്നിരിക്കുന്നത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം.പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചുള്ള വാക്പോര് ഇപ്പോൾ കോപ്പിയടി ആരോപണവും കടന്നുപോവുകയാണ് .ഹരിത സാവിത്രിയുടെ സിൻ എന്ന നോവലിന്‍റെ പകർപ്പാണ് കെ ആർ മീരയുടെ കലാച്ചിയെന്നാണ് പ്രധാന ആരോപണം. കലാച്ചി നോവൽ വായിച്ച് ഞെട്ടിയെന്ന് ഹരിത സാവിത്രി പ്രതികരിക്കുക കൂടി ചെയ്തിട്ടുണ്ട്. അതേ സമയം വിഷയത്തിൽ കെ ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം സിന്നിന്‍റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ ഏറ്റുമുട്ടൽ അത്യന്തം രൂക്ഷവും ആയി . ഹരിത ഫേസ്ബുക്കിലെഴുതിയ ലോകമെങ്ങുമുള്ള സാഹിത്യമോഷ്ടാക്കളുടെ ചില നീചതന്ത്രങ്ങൾ എന്ന തലക്കെട്ടോടെയുള്ള പോസ്റ്റ് കെ ആർ മീരയുടെ കലാച്ചിയെ ഉന്നം വച്ച് ആണെന്നതാണ് വായനക്കാരും ഹരിതയെ അനുകൂലിക്കുന്നവരും എടുത്തുപറയുന്നത്.നിങ്ങൾ വർഷങ്ങൾ എടുത്ത് എഴുതിയ നോവൽ. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ. നിങ്ങളുടെ കണ്ണീരും വിയർപ്പും. വേറൊരാൾ എഴുതിയ പുസ്തകത്തിൽ ആ കഥ തന്നെ എന്ന് നിങ്ങൾക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങൾക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?കാരണം, അതവർ ഭംഗിയായി പൊതിഞ്ഞുവച്ചു.

കോപ്പിയടിക്കാനായി പല മ‍ാ‍ർ​ഗങ്ങൾ തേടാറുണ്ടെന്നും ഹരിത പറയുന്നു. ആദ്യമായി വാക്കുകളുടെ ഘടന മാറ്റിയെഴുതും, ലിംഗവും കാലവും മാറ്റുന്നത് മറ്റൊരു രീതിയാണ്. AI ഉപയോഗിച്ചുള്ള മോഷണം പുതിയ കാലത്തെ രീതിയാണ്. നിങ്ങളുടെ നോവൽ AI ടൂളിലിട്ട് ‘റീറൈറ്റ്’ ചെയ്യിക്കും. ആവശ്യമുള്ള മാറ്റങ്ങൾ വരുത്താൻ പ്രയാസമില്ല. പക്ഷെ ആ അക്ഷരങ്ങൾക്കുള്ളിൽ അപ്പോഴും നിങ്ങൾക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം. നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ.കാരണം അവർക്ക് കൂട്ടിനു പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും.

ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാൾ നന്നായി അവർക്കറിയാമെന്നും ഹരിത സാവിത്രി പറയുന്നു. സംഭവം ഇത്രവലിയ ച‍ർച്ചയായിട്ടും സോഷ്യൽ മീഡിയയിൽ സജീവമായ കെ ആർ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല

കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആർ മീര പറയുമ്പോൾ, കൂർദിനിലെ കഥയാണ് ഹരിത എഴുതിയത്. 2022 ലാണ് സിൻ പുറത്തിറങ്ങിയത്. 2023 ൽ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. 2025 ലാണ് കെ ആർ മീരയുടെ കലാച്ചി പുറത്തിറങ്ങിയത്.2025 ലാണ് കലാച്ചി ഇറങ്ങിയതെങ്കിലും 2020 ൽ തന്നെ പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചെന്നാണ് കെ ആർ മീരയുടെ വാദം. എന്നാൽ ഇതിനെയും ഹരിത സാവിത്രി തള്ളുന്നു. 2020 സിൻ നോവലിന് അവതാരിക എഴുതാൻ എൻ എസ് മാധവന് ഇ-മെയിൽ അയച്ചതിന്‍റെ വിവരങ്ങളും ഹരിത പുറത്തുവിട്ടു. ഇതിനോടും കെ ആർ മീര പ്രതികരിച്ചിട്ടില്ല. ഇതിനിടെ കെ ആർ മീരയെ പിന്തുണച്ച് നിരൂപകൻ പികെ രാജശേഖരനും എത്തി. മീരയുടെ നോവലിനെ മഹാത്മഗാന്ധിയോടും ഹരിതയുടെ പുസ്തകത്തെ രാഹുൽ മാങ്കൂട്ടത്തിലിനോടുമാണ് രാജശേഖരൻ ഉപമിച്ചത്. ഇതിനെതിരെ സമൂഹ മാധ്യമത്തിൽ ഉൾപ്പെടെ ഹരിതയും പ്രതികരിച്ചതോടെ വിവാദം വ്യാപിക്കുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories