സംസ്ഥാനത്ത് കാലവർഷം ഇന്ന് പ്രവേശിക്കും. ആദ്യ ആഴ്ചയിൽ സംസ്ഥാനത്തുടനീളം വ്യാപകമായ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. തെക്കൻ-മധ്യ കേരളത്തിൽ ഇന്ന് മഴ ശക്തമാകുമെന്നാണ് പ്രവചനം.നാളെയോടെ മഴ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും.
മഴയോടൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
എൽനിനോ പ്രതിഭാസമുള്ള വർഷമായതിനാൽ ആദ്യ ആഴ്ചയ്ക്ക് ശേഷം മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. എങ്കിലും മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പെയ്യുന്ന മഴയുടെ അളവിൽ പെട്ടെന്ന് വ്യത്യാസമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയാറായിരിക്കണമെന്നും നിർദ്ദേശമുണ്ട്.