മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ പ്രതിയായ നന്ദകുമാർ കൊളാപ്പള്ളിയെ ഐ.എച്ച്.ആർ.ഡി (IHRD) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥാനത്തുനിന്ന് പുറത്താക്കി. ഇതുസംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെയാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സർവീസ് സംഘടനയുടെ മുൻ ഭാരവാഹിയുമായിരുന്നു നന്ദകുമാർ കൊളാപ്പള്ളി. കഴിഞ്ഞ വർഷം ഫേസ്ബുക്കിലൂടെ അച്ചു ഉമ്മനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവെച്ചതാണ് കേസിനാസ്പദമായ സംഭവം. ഇതിനെതിരെ അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നന്ദകുമാറിനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പോലീസിന്റെ നടപടി വലിയ വിമർശനങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. പ്രതിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാത്തതിൽ ഉയർന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ അടിയന്തര നടപടി.