സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കെ. മുരളീധരൻ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കി അടിയന്തരമായി ആശുപത്രികളിൽ ചികിത്സ തേടാൻ ജനങ്ങൾ തയാറാകണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ മൂന്ന് കുട്ടികളിലാണ് കോഴിക്കോട് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ആദം അൽഹാൻ എന്ന രണ്ട് വയസ്സുകാരൻ രോഗമുക്തനായി ആശുപത്രി വിട്ടു. മറ്റൊരു കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ തലക്കുളത്തൂർ സ്വദേശിനിയായ നിള (4) എന്ന പെൺകുട്ടി മരണമടഞ്ഞിരുന്നു. ഈ കുട്ടിയുടെ മരണകാരണം ഷിഗെല്ലയല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വയനാട്ടിൽ റിപ്പോർട്ട് ചെയ്ത സമാനമായ രോഗലക്ഷണങ്ങൾ ഷിഗെല്ലയുടേതല്ലെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത ശുചിത്വ പരിപാലനം ഉറപ്പുവരുത്താൻ നിർദ്ദേശമുണ്ട്. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കും. കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിൻ ഉപയോഗിച്ച് കൃത്യമായ ശുദ്ധീകരണം നടത്തണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.