പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പ്രതിവർഷം ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്നും നാലാക്കിയാണ് ചുരുക്കിയിരിക്കുന്നത്. പാചകവാതക വില അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് അധിക ഭാരമായി പുതിയ നടപടി വന്നിരിക്കുന്നത്.
നേരത്തെ പദ്ധതി പ്രകാരം 12 സിലിണ്ടറുകളായിരുന്നു സബ്‌സിഡി നിരക്കിൽ നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇത് ഒൻപതാക്കി കുറച്ചിരുന്നു. ഇപ്പോഴത്തെ പുതിയ തീരുമാനത്തോടെ സിലിണ്ടറുകളുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കി നാലാക്കി മാറ്റിയിരിക്കുകയാണ്. നിലവിൽ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറൊന്നിന് 300 രൂപ നിരക്കിലാണ് സബ്‌സിഡി നൽകിവരുന്നത്.
ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില അടുത്തിടെ വീണ്ടും വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ വലിയ രീതിയിലാണ് വിലവർദ്ധനവുണ്ടായത്. പശ്ചിമേഷ്യയിലെ നിലവിലുണ്ടായ പ്രതിസന്ധിയാണ് പാചകവാതക വില വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ നിരന്തരമായ വിലക്കയറ്റത്തിനൊപ്പം സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൂടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതോടെ സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് കൂടുതൽ പ്രതിസന്ധിയിലാകും.