Share this Article
News Malayalam 24x7
നെടുമങ്ങാട് കുട്ടിയുടെ മരണം: ജീവനക്കാരനെ പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ അടിയന്തര നിർദ്ദേശം
Minister Bindu Krishna

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷക് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുണ്ടായ വീഴ്ചയിൽ കർശന നടപടിയുമായി സർക്കാർ. കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്ന താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്നും അടിയന്തരമായി പുറത്താക്കാൻ വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകി.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഹെൽപ്‌ലൈനിലെ ടെലിഫോൺ ഓപ്പറേറ്റർക്കെതിരെയാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മെയ് 23-നാണ് രണ്ടാനച്ഛൻ അഷ്കറിന്റെ മർദ്ദനമേറ്റ് ഒന്നര വയസ്സുകാരനായ അർഷക് കൊല്ലപ്പെടുന്നത്. കുട്ടിയുടെ ശരീരത്തിലാകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും വാരിയെല്ലുകൾ തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.


കുട്ടിയുടെ ഇരു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോകൾ സഹിതം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ ഇത് നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്നാണ് കുട്ടിയുടെ അമ്മൂമ്മ ആരോപിക്കുന്നത്. കുട്ടിയെ തങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നു പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞുമാറിയെന്നും ആരോപണമുണ്ട്. ഈ ഗുരുതര വീഴ്ച കണക്കിലെടുത്താണ് മന്ത്രിയുടെ അടിയന്തര നടപടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories