ജില്ലയിൽ നിപ്പ ആശങ്ക നിലനിൽക്കുന്നതിനിടയിൽ ആശ്വാസകരമായ വാർത്ത. നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായി. രോഗബാധിതനുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരായിരുന്നു ഇവർ. ഇവരുടെ പരിശോധനാഫലം നെഗറ്റീവായത് ആരോഗ്യവകുപ്പിന് വലിയ ആശ്വാസം നൽകുന്നുണ്ട്.
അതേസമയം, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം ഇന്ന് കോഴിക്കോട്ടെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NDCC) വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ സംഘമാണ് പരിശോധനയ്ക്കായി വരുന്നത്. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് കേന്ദ്രസംഘത്തിന്റെ പ്രധാന ലക്ഷ്യം.
മെഡിക്കൽ കോളേജിൽ നിപ്പ ബാധിച്ച് ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിക്ക് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്ന ഗോഡൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. തുടർന്ന് ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് ഡോക്ടർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. നിലവിൽ വെന്റിലേറ്ററിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.