കുംഭമേള ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ കൊച്ചിയിൽ താമസിക്കുന്ന തനിക്ക് കുടുംബാംഗങ്ങളിൽ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശിൽ കേസ് നിലനിൽക്കുന്നുണ്ട്. മധ്യപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. എന്നാൽ, ഫർമാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് വിലക്കിക്കൊണ്ട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
ഇതിനിടയിലാണ് വീട്ടുകാരിൽ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി പോലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനും കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ സി.ഐക്കും നോട്ടീസ് അയച്ചു. കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.