Share this Article
News Malayalam 24x7
ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്
 Ansiba

ചലച്ചിത്ര താരം ടിനി ടോമിനെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തക്കതായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നിലപാട്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കടവന്ത്ര എസ്‌എച്ച്ഒ കൊച്ചി സെൻട്രൽ എസിപിക്ക് കൈമാറിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഈ തീരുമാനം.

തനിക്കെതിരെ മനഃപൂർവ്വം അപകീർത്തികരമായ കഥകൾ പ്രചരിപ്പിക്കുന്നുവെന്നും തന്നെ ഒരു മതതീവ്രവാദിയായി ചിത്രീകരിക്കാൻ ടിനി ടോം ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് അൻസിബ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. ഈ വിഷയത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്ക് (AMMA) പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് അൻസിബ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. എന്നാൽ, പ്രസ്തുത ആരോപണങ്ങളിൽ കേസെടുത്ത് അന്വേഷണം വ്യാപിപ്പിക്കാൻ ആവശ്യമായ തെളിവുകൾ നിലവിലില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.


ടിനി ടോമിനെതിരെയുള്ള കേസ് ഒഴിവാക്കിയെങ്കിലും, 'അമ്മ'യുടെ മുൻ പ്രസിഡന്റ് ശ്വേതാ മേനോൻ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെ അൻസിബ നൽകിയ മറ്റൊരു പരാതിയിൽ കടവന്ത്ര പൊലീസ് തുടർനടപടികളുമായി മുന്നോട്ടുപോവുകയാണ്. ഈ പരാതിയിന്മേൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories