Share this Article
News Malayalam 24x7
മാങ്കൂട്ടത്തിലുമായി ഹോട്ടലിൽ നിന്ന് തെളിവെടുപ്പ് നടത്തി
Rahul Mankootathil

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിൽ ഇന്ന് പുലർച്ചെയായിരുന്നു നിർണ്ണായക നടപടികൾ.

പുലർച്ചെ അഞ്ചരയോടെ എആർ ക്യാമ്പിൽ നിന്നും പുറപ്പെട്ട അന്വേഷണ സംഘം ആറരയോടെയാണ് ഹോട്ടലിലെത്തിയത്. അതിജീവിത മൊഴി നൽകിയ 408-ാം നമ്പർ മുറിയിൽ വെച്ച് തെളിവെടുപ്പ് നടത്തിയ സംഘം ഏകദേശം 10 മിനിറ്റിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കി രാഹുലിനെ തിരികെ ക്യാമ്പിലേക്ക് മാറ്റി. ഹോട്ടലും മുറിയും രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചറിഞ്ഞതായി പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി.



2024 ഏപ്രിൽ എട്ടിന് താൻ യുവതിയുമായി ഹോട്ടലിൽ എത്തിയിരുന്നതായും എന്നാൽ ഒരു മണിക്കൂറോളം സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊഴി. ഈ കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നാണ് കോടതിയിൽ അദ്ദേഹം ഉന്നയിക്കുന്ന പ്രധാന വാദം. പീഡന പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മൗനവും ഒരു ചിരിയും മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണമെന്ന് ഉറവിടങ്ങൾ സൂചിപ്പിക്കുന്നു.



രാഹുൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നില്ലെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. രാഹുലിന്റെ ഫോണിന്റെ പാസ്‌വേഡ് കൈമാറാത്തതും ലാപ്ടോപ്പ് കണ്ടെത്താൻ സാധിക്കാത്തതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. അഭിഭാഷകരുമായി സംസാരിച്ച ശേഷം പാസ്‌വേഡ് നൽകാമെന്നാണ് രാഹുൽ അറിയിച്ചിട്ടുള്ളത്. നഗ്ന വീഡിയോകൾ പ്രദർശിപ്പിച്ചെന്ന അതിജീവിതയുടെ മൊഴി നിലനിൽക്കുന്നതിനാൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നത് കേസിൽ നിർണ്ണായകമാകും.


നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിലുള്ള രാഹുലുമായി വരും ദിവസങ്ങളിൽ പാലക്കാട്, വടകര എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്താൻ എസ്ഐടി തീരുമാനിച്ചു. യുവതിയുടെ മൊഴി പ്രകാരം പാലക്കാട്ടെ ഒരു ത്രീ ബിഎച്ച്കെ ഫ്ലാറ്റുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കും. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories