ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിൽ യാത്രാ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. പശ്ചിമ ബംഗ്ലാദേശിലെ ദൗലത്ദിയ ടെർമിനലിന് സമീപം ബസ് പത്മ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് ദാരുണമായ അപകടം നടന്നത്. ബസ് ഫെറിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവരം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ക്രെയിനുകൾ ഉപയോഗിച്ച് നദിയിൽ നിന്ന് ബസ് പുറത്തെടുത്തു. ബസിനുള്ളിൽ നിന്ന് മാത്രം 14 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നദിയിലെ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായവർക്കായി ഫയർഫോഴ്സും പോലീസും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.
അപകടസമയത്ത് ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിൽ വ്യക്തത വന്നിട്ടില്ല. കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.