Share this Article
News Malayalam 24x7
ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ല; അമേരിക്കയുടെ F-18 വിമാനം ലക്ഷ്യം വെച്ചെന്ന് ഇറാൻ
Iran Rejects US Talks

 പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. അമേരിക്കയുമായി ഔദ്യോഗിക ചർച്ചകൾക്ക് താല്പര്യമില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ച്ചി വ്യക്തമാക്കി. അതേസമയം, ചർച്ച നടത്താൻ ഇറാൻ നേതാക്കൾക്ക് ഭയമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഹാസം.

യുദ്ധം ലക്ഷ്യത്തിനടുത്തെത്തിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. സമാധാനത്തിന് തയ്യാറായില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ഇറാൻ നേതാക്കൾ രഹസ്യമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പരസ്യമായി സമ്മതിക്കാൻ അവർക്ക് ഭയമാണെന്ന് ട്രംപ് പറഞ്ഞു.


അമേരിക്കയുടെ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് ഇറാൻ വ്യക്തമാക്കി. സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ചാബഹാറിന് മുകളിൽ വെച്ച് അമേരിക്കയുടെ എഫ്-18 (F-18) വിമാനം ലക്ഷ്യം വെച്ചതായും ഇറാൻ അവകാശപ്പെട്ടു. സംഘർഷം 26-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ.


അമേരിക്കയ്ക്ക് മുന്നിൽ അഞ്ച് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കുക, യുദ്ധം മൂലം ഉണ്ടായ നഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇതിൽ പ്രധാനം. നേരത്തെ അമേരിക്ക മുന്നോട്ട് വെച്ച 15 നിബന്ധനകൾ ഇറാൻ തള്ളിയിരുന്നു.


ശത്രു രാജ്യങ്ങളായ അമേരിക്കയ്ക്കും ഇസ്രായേലിനുമൊഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാമെന്നും ഇറാൻ അറിയിച്ചു. ഇതിനായി കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ നീക്കങ്ങളെ നോക്കിക്കാണുന്നത്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories