Share this Article
News Malayalam 24x7
ഇറാന് പിന്തുണയുമായി ഹൂതികൾ
Middle East Crisis

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ഇറാന് പിന്തുണ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിനെ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്ത മിസൈലുകൾ ഇസ്രായേൽ പ്രതിരോധ സേന (IDF) ആകാശത്തുവെച്ച് തന്നെ തകർത്തു.

യുദ്ധം തുടങ്ങി ഒരു മാസത്തോളം തന്ത്രപരമായ അകലം പാലിച്ച ശേഷമാണ് ഇറാന്റെ സായുധ നിഴൽ സംഘമായ ഹൂതികൾ ഇപ്പോൾ യുദ്ധത്തിൽ നേരിട്ട് പങ്കുചേരുന്നത്. ഇറാന്റെ ഭരണകൂട മാറ്റവും ആണവായുധ വികസനം തടയലും ലക്ഷ്യമിട്ടുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾ പൂർണ്ണമായി വിജയിക്കാത്ത സാഹചര്യത്തിലാണ് ഹൂതികളുടെ ഈ കടന്നുവരവ്. നിലവിൽ ഇറാനിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കൻ-ഇസ്രായേൽ സേനകളുടെ ശ്രദ്ധ യമനിലേക്ക് കൂടി തിരിച്ചുവിടുക എന്ന തന്ത്രപരമായ ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.


ഹൂതികളുടെ ഇടപെടൽ ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകത്തെ പ്രധാന ചരക്കുനീക്ക പാതകളായ ഹോർമുസ് കടലിടുക്കും ചെങ്കടലും തടസ്സപ്പെടാൻ ഇത് ഇടയാക്കും. ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് നിലവിൽ ഇറാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിന് പുറമെ, ചെങ്കടൽ വഴി സൂയസ് കനാൽ ലക്ഷ്യമാക്കി പോകുന്ന ചരക്കുനീക്കം കൂടി ഹൂതികൾ തടസ്സപ്പെടുത്തിയാൽ അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് തന്നെ വഴിതെളിച്ചേക്കാം.


ഈ പ്രതിസന്ധി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ഇതിനകം തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ഇന്ത്യയിൽ എൽപിജി (പാചകവാതകം) ലഭ്യതയെയും ഇന്ധന വിലയെയും ബാധിച്ചിട്ടുണ്ട്. ചെങ്കടലിലെ ഹൂതികളുടെ ഇടപെടൽ ഈ സാഹചര്യം കൂടുതൽ വഷളാക്കും.


അമേരിക്കയ്ക്കും ഇസ്രായേലിനും മേൽ ആഗോളതലത്തിൽ വലിയ സമ്മർദ്ദം ചെലുത്തി അവരെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കുക എന്ന സ്ട്രാറ്റജിയാണ് ഇറാൻ ഹൂതികളിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, രണ്ട് പടക്കപ്പലുകളിലായി കരസേനയെയും മറൈൻ സംഘത്തെയും അമേരിക്ക ഇറാനെ ലക്ഷ്യമാക്കി അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories