ഇറാനുമായി ഉടൻ തന്നെ ഒരു നയതന്ത്ര കരാറിലെത്താൻ അമേരിക്കയ്ക്ക് സാധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി ഇറാനുമായി നേരിട്ടും അല്ലാതെയും ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
അമേരിക്കയോടുള്ള ആദരസൂചകമായി ഹോർമുസ് കടലിടുക്കിലൂടെ 20 എണ്ണ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി ട്രംപ് അവകാശപ്പെട്ടു. മുൻപ് ഇതിന് തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പുതിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാൻ അയയുകയാണെന്നാണ് ട്രംപിന്റെ വാദം.
ഇറാനിൽ നിലവിൽ ഗൗരവകരമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ എണ്ണക്കപ്പലുകൾ ഹോർമുസ് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണസമ്പത്ത് സ്വന്തമാക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്തുണ്ടായ ഇറാൻ ആണവ കരാറിനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ആ കരാർ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശവും വിഡ്ഢിത്തം നിറഞ്ഞതുമായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും ഇറാനുമായി ഉടൻ തന്നെ പുതിയൊരു ധാരണയിലെത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.