Share this Article
News Malayalam 24x7
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു; കുവൈറ്റിൽ ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
West Asia Conflict

പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക്. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഇരു രാജ്യങ്ങളും പരസ്പരം വ്യവസായ മേഖലകളെ ലക്ഷ്യം വെച്ച് ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കുവൈറ്റിലെ ജല-വൈദ്യുത ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുവൈറ്റ് ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാന്റെ ഏറ്റവും വലിയ രണ്ട് ഇരുമ്പുരുക്ക് വ്യവസായ ശാലകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന് മറുപടിയായാണ് ഗൾഫ് രാജ്യങ്ങളിലെ അലുമിനിയം പ്ലാന്റുകൾ ഉൾപ്പെടെയുള്ള പ്രധാന വ്യവസായ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെക്കുന്നത്. കുവൈറ്റിലെയും യു.എ.ഇയിലെയും വിവിധ ഇടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതിനെത്തുടർന്ന് മേഖലയിലെ സാമ്പത്തിക-വ്യവസായ രംഗം കനത്ത ഭീതിയിലാണ്.


ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി 3500-ഓളം പ്രത്യേക സൈനികരെയും എഫ്-15, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിൽ വിന്യസിച്ചു കഴിഞ്ഞു. സ്പെഷ്യൽ ഓപ്പറേഷൻ ഫോഴ്സിനെ ഉപയോഗിച്ച് മിന്നൽ ആക്രമണങ്ങൾ നടത്താനാണ് അമേരിക്കൻ പദ്ധതിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. പേർഷ്യൻ കടലിലെ സ്രാവുകൾക്ക് അമേരിക്കൻ സൈനികർ ഇരയാകുമെന്നാണ് ഇറാന്റെ വെല്ലുവിളി. എന്നാൽ ഇറാനുമായി ഉടൻ തന്നെ ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. 15 ഇന കരാറിൽ ഇറാൻ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories