Share this Article
News Malayalam 24x7
ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാന്‍ തയ്യാർ; ഡൊണാള്‍ഡ് ട്രംപ്
 Donald Trump

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം. ഇറാന്റെ ഇസ്‌ഫഹാൻ ആണവനിലയത്തിന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ആണവനിലയം തകർത്തതെന്ന് പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 1000 കിലോഗ്രാം ഭാരമുള്ള ബോംബുകളാണ് ഇതിനായി ഉപയോഗിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചു.

ഇസ്‌ഫഹാനിലെ ആണവനിലയത്തിൽ ഇറാൻ 500 കിലോ യൂറേനിയം സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറേനിയം ആണവോർജ്ജ ഏജൻസിക്ക് കൈമാറണമെന്ന അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിർദ്ദേശം ഇറാൻ നിരന്തരം തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് അമേരിക്ക സൈനിക നീക്കം നടത്തിയത്. ഇറാനുമേൽ നയതന്ത്രപരമായ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം തന്നെ അവരുടെ നാവികസേനയ്ക്കും മിസൈൽ ശേഖരത്തിനും സാരമായ നാശനഷ്ടങ്ങൾ വരുത്താനും അമേരിക്ക പദ്ധതിയിടുന്നുണ്ട്.


ആക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ മറവിൽ നടത്തിയ ആക്രമണത്തെ തങ്ങൾ മറക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാനുള്ള നീക്കങ്ങളും ഇറാൻ തുടങ്ങിയതായാണ് വിവരം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചേക്കും.


ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ട്രംപ് സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വമ്പൻ ആക്രമണം നടന്നത്. ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ അമേരിക്കയുടെ ഈ നീക്കം മേഖലയിൽ വമ്പൻ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം.


പശ്ചിമേഷ്യയിലെ ഓരോ നീക്കവും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ സാരമായി ബാധിക്കുമെന്നതിനാൽ അതീവ ജാഗ്രതയോടെയാണ് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories