Share this Article
News Malayalam 24x7
ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ചുവെന്ന് ട്രംപ്
Donald Trump

ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്ക വിജയിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 32 ദിവസം നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ ഇറാന്റെ മിസൈൽ ശേഖരവും സൈനിക ശേഷിയും പൂർണ്ണമായും തകർത്തതായി ട്രംപ് അവകാശപ്പെട്ടു. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ഈ യുദ്ധത്തിലൂടെ തെളിഞ്ഞതായും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വ്യക്തമാക്കി.

ഇറാന്റെ മിസൈൽ ശേഖരം, വ്യോമസേന, നാവികസേന എന്നിവയ്ക്ക് കനത്ത ആഘാതമേൽപ്പിക്കാൻ അമേരിക്കയ്ക്ക് സാധിച്ചു. ഇറാന്റെ നേതൃനിര ഒന്നടങ്കം ഇല്ലാതായെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റുമാർ ചെയ്യാൻ മടിച്ച കാര്യങ്ങളാണ് താൻ ചെയ്തതെന്നും, ഇറാന്റെ ആണവായുധ മോഹങ്ങൾ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും നൽകുന്ന പിന്തുണ ഇറാൻ അവസാനിപ്പിക്കണമെന്നും ട്രംപ് കർശന മുന്നറിയിപ്പ് നൽകി.


യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 3,519 പേർ കൊല്ലപ്പെട്ടു. ഇതിൽ 244 കുട്ടികളും 1,598 സാധാരണക്കാരും ഉൾപ്പെടുന്നു. ലബനനിൽ 1,318 പേരും ഇറാഖിൽ 107 പേരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. യുഎഇ (11), ഖത്തർ (7), കുവൈറ്റ് (7) തുടങ്ങി പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനും ലബനനും തൊടുത്തുവിട്ട മിസൈലുകളിൽ 19 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.


സംഘർഷങ്ങൾക്കിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അമേരിക്കൻ ജനതയ്ക്കായി ഒരു തുറന്ന കത്തെഴുതി. അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങളോട് ഇറാൻ ശത്രുത പുലർത്തുന്നില്ലെന്നും ആധുനിക കാലത്ത് ഇറാൻ ഒരു യുദ്ധവും മുൻകൈയെടുത്ത് തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.


യുദ്ധവും സമാധാനവും തമ്മിലുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. വരും തലമുറകളുടെ ഭാവി ഈ ഘട്ടത്തിൽ നിർണ്ണയിക്കപ്പെടും. ഫലസ്തീനികൾക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനാണ് ഇസ്രായേൽ ഇറാനെതിരെ തിരിഞ്ഞതെന്നും പെസഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. വരും ആഴ്ചകളിൽ സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories