അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവുവരികയും വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിഞ്ഞത് വിപണിയിൽ വലിയ ഉണർവാണ് നൽകിയിരിക്കുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 13.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ബാരലിന് 94.50 ഡോളർ എന്ന നിരക്കിലേക്ക് ബ്രെന്റ് ക്രൂഡ് എത്തി. അമേരിക്കൻ ക്രൂഡ് ഓയിൽ വിലയിൽ 14.3 ശതമാനത്തിന്റെ കുറവുണ്ടായി. ഇതോടെ ബാരലിന് 96.80 ഡോളറിലാണ് അമേരിക്കൻ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഏഷ്യൻ വിപണികളിലും ക്രൂഡ് ഓയിൽ വിലയിൽ സമാനമായ കുറവ് പ്രകടമായിട്ടുണ്ട്. യുദ്ധം അവസാനിക്കുന്നത് വരും ദിവസങ്ങളിലും വിപണിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അസംസ്‌കൃത എണ്ണവില കുറയുന്നത് ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.