Share this Article
News Malayalam 24x7
ഇറാനില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
rump Announces Two-Week Truce; Strait of Hormuz to Reopen

പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ സംഘർഷങ്ങൾക്ക് താൽക്കാലിക ആശ്വാസമായി ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് ഇരുരാജ്യങ്ങളും സമ്മതം മൂളിയത്. ഇതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറന്നുനൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം 41 ദിവസങ്ങൾ പിന്നിടുമ്പോഴാണ് സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങുന്നത്. ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കകം തന്നെ വെടിനിർത്തൽ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു എന്നത് ശ്രദ്ധേയമാണ്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്തരമൊരു വെടിനിർത്തൽ ഉണ്ടാകുന്നത്.


പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ചർച്ചകൾ വിജയിക്കാൻ കാരണമായത്. ഷെഹ്ബാസ് ഷെരീഫിന്റെ ട്വീറ്റിന് പിന്നാലെയാണ് സമാധാന നീക്കങ്ങൾ ഊർജിതമായത്. മധ്യസ്ഥ ശ്രമങ്ങൾക്ക് ട്രംപ് പാക്കിസ്ഥാന് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ നേരിട്ട് ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.


ഇറാൻ മുന്നോട്ടുവെച്ച 10 ഇന സമാധാന കരാർ അമേരിക്ക അംഗീകരിച്ചതായാണ് സൂചന. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന് നൽകണമെന്നും അവിടെയുള്ള അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആറ്റമിക് സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തിയായതായാണ് ട്രംപിന്റെ അവകാശവാദം.


അമേരിക്ക-ഇറാൻ വെടിനിർത്തൽ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. എന്നാൽ, വെടിനിർത്തൽ കരാറിൽ ഇസ്രായേൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന നേരിട്ടുള്ള ചർച്ചകളിൽ ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തേക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories