ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ കർശന നടപടികളുമായി അമേരിക്ക. ഇറാനിലേക്കും പുറത്തേക്കുമുള്ള കപ്പൽ ഗതാഗതത്തിന് ഇന്ന് മുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ ഉപരോധം നിലവിൽ വന്നു.
ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്ക് ഈ ഉപരോധം ബാധകമായിരിക്കും. ഇതിൽ ആർക്കും ഇളവ് നൽകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹോർമുസ് കടലിടുക്ക് വഴി മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്നും യുഎസ് അറിയിച്ചു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ രംഗത്തെത്തി. നെതന്യാഹുവിനെ ആധുനിക കാലത്തെ ഹിറ്റ്‌ലർ എന്നാണ് എർദോഗൻ വിശേഷിപ്പിച്ചത്. രക്തദാഹവും വിദ്വേഷവും കൊണ്ട് നെതന്യാഹു അന്ധനായിരിക്കുകയാണെന്നും ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിറ്റ്‌ലർക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും ചരിത്രം നെതന്യാഹുവിനെ രേഖപ്പെടുത്തുകയെന്നും എർദോഗൻ പറഞ്ഞു. ഗാസയിലെയും ലെബനനിലെയും ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനെ തുർക്കി ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുർക്കി റദ്ദാക്കിയിട്ടുണ്ട്.