കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും.
സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി 140 മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണും. ആദ്യം തപാൽ ബാലറ്റുകളും തുടർന്ന് ഹോം വോട്ടിംഗിലൂടെ ലഭിച്ച വോട്ടുകളുമാണ് എണ്ണുക. എട്ടരയോടെ തന്നെ വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ പുറത്തുവന്നു തുടങ്ങും. ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 വീതം മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. യുഡിഎഫിന് അനുകൂലമായ ഫലമാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. എന്നാൽ ഈ ഫലങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് എൽഡിഎഫ്. ഭരണത്തുടർച്ചയിൽ അവർ ഉറച്ച ആത്മവിശ്വാസത്തിലാണ്. വലിയ വിജയപ്രതീക്ഷയിലാണ് തങ്ങളെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ തങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
പ്രധാനമന്ത്രിയുടെ സന്ദർശനവും വലിയ പ്രചാരണ പ്രവർത്തനങ്ങളും ഇത്തവണ ബിജെപി സംസ്ഥാനത്ത് നടത്തിയിരുന്നു. രാഷ്ട്രീയ കേരളം വലിയ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് വോട്ടെണ്ണൽ ഫലത്തെ കാത്തിരിക്കുന്നത്.