സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ മഞ്ഞ (യെല്ലോ) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
അതേസമയം, വരുന്ന ബുധനാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം എത്തിയേക്കുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും യാത്രകൾ സുരക്ഷിതമാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മലയോര മേഖലകളിലൂടെയുള്ള യാത്രകളിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും നിർദ്ദേശമുണ്ട്.