സിഎംആർഎൽ-എക്സാലോജിക് ദുരൂഹ പണമിടപാട് കേസ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന റെയ്ഡിനിടെ ഇ ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇ ഡി ഒരുങ്ങുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. നേരത്തെ പശ്ചിമ ബംഗാളിലും സമാനമായ രീതിയിൽ ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായപ്പോൾ സിബിഐ അന്വേഷണം നടന്നിരുന്നു.
അതിനിടെ, ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം കൊച്ചിയിലെത്തി ഇ ഡി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. അക്രമത്തിന് ഇരയായ നാല് ഇ ഡി ഉദ്യോഗസ്ഥർ, സുരക്ഷയ്ക്കായുണ്ടായിരുന്ന എട്ട് സിആർപിഎഫ് ജവാന്മാർ, റെയ്ഡിന് സാക്ഷികളായി ഇ ഡി ഒപ്പം കൂട്ടിയ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളാണ് പൊലീസ് ശേഖരിച്ചത്.
ആക്രമണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ. തിരുവനന്തപുരത്തെ ഉന്നത സിപിഐഎം നേതാക്കളുടെ മൊബൈൽ ഫോൺ കോൾ റെക്കോർഡുകളും വാട്സാപ്പ് ചാറ്റുകളും വിശദമായി പരിശോധിക്കണമെന്ന ആവശ്യവും ഇ ഡി ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യത്തിൽ ഇ ഡി ഉടൻ തന്നെ ഔദ്യോഗിക തീരുമാനമെടുത്തേക്കും.