നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് (ഡെപ്യൂട്ടി ലീഡർ) പദവിയെച്ചൊല്ലി ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ഉഭയകക്ഷി ചർച്ച സമവായമാകാതെ പിരിഞ്ഞു. തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഇരു പാർട്ടികളുടെയും സംസ്ഥാന നേതാക്കൾ പങ്കെടുത്ത ചർച്ചയാണ് പരാജയപ്പെട്ടത്. ഇതോടെ ഇടതുമുന്നണിയിലെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
പദവിക്കായി ഉറച്ചുനിൽക്കുന്ന സിപിഐയുടെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സിപിഐഎമ്മിന്റെ കർശന നിലപാടിനോട് പാർട്ടി എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. ഉപനേതൃപദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരുന്ന് വിയോജിപ്പ് പ്രകടിപ്പിക്കണമെന്ന നിർദ്ദേശമാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്.
നിലവിലെ പദവികൾ വിട്ടുകൊടുക്കാൻ തയാറല്ലെന്ന കടുത്ത നിലപാടിലാണ് സിപിഐഎം നേതൃത്വം. മുൻ ദിവസങ്ങളിലും സിപിഐഎം ഈ നിലപാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി നേരിടുന്ന പ്രധാന ആഭ്യന്തര തർക്കങ്ങളിലൊന്നാണിത്. സിപിഐയുടെ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനങ്ങൾക്ക് ശേഷമായിരിക്കും മുന്നണിയിലെ തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങൾ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ