Share this Article
News Malayalam 24x7
വീര്യമേറി വിവാദം; നിലപാടറിയിക്കാൻ മുഖ്യമന്ത്രി
V.D. Satheesan

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ നിലപാട് വ്യക്തമാക്കും. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ യു.ഡി.എഫിനകത്തും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൽ നിന്നും പിൻവലിയുമോ അതോ ഇതുമായി മുന്നോട്ട് പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വി.എം. സുധീരൻ അടക്കമുള്ള പ്രമുഖ നേതാക്കൾ ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും തീരുമാനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. കൂടാതെ വിവിധ ക്രൈസ്തവ സംഘടനകളും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.


വിഷയത്തിൽ എക്സൈസ് മന്ത്രി എം. ലിജുവിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്ന വിവരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റം വരുത്താൻ മാത്രമാണ് ബജറ്റിൽ നിർദ്ദേശിച്ചതെന്നും മദ്യ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്നുമുള്ള വിശദീകരണമാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകാൻ സാധ്യതയെന്നാണ് വിലയിരുത്തുന്നത്.


നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് രാവിലെ മന്ത്രിസഭായോഗം ചേരുന്നുണ്ട്. ഇതിനുശേഷമായിരിക്കും സഭയിൽ ബജറ്റ് മറുപടി പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിഷയത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് വിശദീകരിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories