Share this Article
News Malayalam 24x7
PSC മൂല്യനിര്‍ണയത്തില്‍ വന്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂർണമായി പരിശോധിച്ചില്ല
Alleged Irregularities in Kerala PSC Exam Valuation

സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) നടത്തിയ പരീക്ഷയുടെ മൂല്യനിർണ്ണയത്തിൽ വൻ ക്രമക്കേട് നടന്നതായി പരാതി. അഡീഷണൽ സെക്രട്ടറി തത്തുല്യ തസ്തികയായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് വിഷയത്തിൽ മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പി.എസ്.സിക്ക് നിർദ്ദേശം നൽകി.

എഴുത്തുപരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒഴിവാക്കിയെന്നാണ് പ്രധാന പരാതി. വിവരവകാശ നിയമപ്രകാരം ഉദ്യോഗാർത്ഥികൾ നേടിയെടുത്ത ഉത്തരക്കടലാസിന്റെ പകർപ്പിൽ നിന്നാണ് ഈ ഗുരുതരമായ വീഴ്ച വ്യക്തമായത്. 100 മാർക്കിന്റെ രണ്ട് പേപ്പറുകളുള്ള പരീക്ഷയിലെ രണ്ടാമത്തെ പേപ്പറിലെ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പരിശോധിക്കാതെ മാറ്റിവെച്ചത്. ഇത്തരത്തിൽ അർഹതപ്പെട്ട മാർക്ക് ലഭിക്കാതെ താഴേക്ക് പോയ റാങ്ക് ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരനാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഒരൊറ്റ ഒഴിവിലേക്ക് മാത്രമായിരുന്നു ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്.


പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഭരണാനുകൂല സർവീസ് സംഘടനയിലെ സജീവ അംഗമാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. സാധാരണ ഗതിയിൽ നിയമന നടപടികൾക്ക് മാസങ്ങളെടുക്കുന്ന പി.എസ്.സി., ഈ കേസിൽ തർക്കങ്ങൾ നിലനിൽക്കെ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ അതിവേഗം നിയമന ശുപാർശ നൽകിയതും അട്ടിമറി സംശയം വർദ്ധിപ്പിക്കുന്നു. വിവരവകാശപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ പി.എസ്.സി. ഒരു വർഷത്തോളം കാലതാമസം വരുത്തിയതായും പരാതിക്കാരായ ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories