കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ സംഭവത്തിൽ മുൻ എസ്.എച്ച്.ഒയ്ക്കെതിരെ എ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ട്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണം കൊണ്ടുപോയത് മുൻ എസ്.എച്ച്.ഒ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയതും, പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടി പൊലീസിൽ ഏൽപ്പിച്ചതുമായ സ്വർണമാല, ബ്രേസ്‌ലെറ്റ്, കമ്മൽ, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്. പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ് ഈ സ്വർണം. രേഖകളിൽ രേഖപ്പെടുത്തിയിരുന്ന സ്വർണം സ്റ്റേഷനിൽ സൂക്ഷിച്ചിട്ടില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മുൻ എസ്.എച്ച്.ഒ.യുടെ പങ്കിനെക്കുറിച്ച് വ്യക്തമായത്.
എന്നാൽ, സ്വർണം കൊണ്ടുപോയത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഉദ്യോഗസ്ഥൻ നൽകുന്ന വിശദീകരണം. സ്വർണം തിരികെ നൽകി തനിക്കെതിരെയുള്ള വകുപ്പുതല നടപടികൾ ഒഴിവാക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും എ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദ്യോഗസ്ഥനെതിരെ കൂടുതൽ കടുത്ത നടപടികളിലേക്ക് പൊലീസ് വകുപ്പ് നീങ്ങുമെന്നാണ് സൂചനകൾ.